14 July, 2026 10:32:32 AM


വര്‍ക്കലയില്‍ വിനോദ സഞ്ചാരിക്ക് കുത്തേറ്റു; മൂന്ന് പേര്‍ പിടിയില്‍



തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദ സഞ്ചാരത്തിനെത്തിയ പത്തൊൻപതുകാരന് നേരെ സാമൂഹിക വിരുദ്ധരുടെ കത്തിക്കുത്ത്. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് ആണ് ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിന്തുടർന്ന് പിടികൂടി.

തിങ്കളാഴ്ച രാത്രി 10.40ഓടെ വർക്കല ഹെലിപ്പാഡ് – ക്ലിഫ് മേഖലയിലായിരുന്നു സംഭവം. സുദർശനും സുഹൃത്തുക്കളായ സതീഷ് (17), കുമുദൻ (19) എന്നിവരും ക്ലിഫിലൂടെ നടന്നുപോകുമ്പോൾ പ്രതികൾ ഇവരെ തടഞ്ഞുനിർത്തി അനാവശ്യമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികൾ തമിഴ്‌നാട് സ്വദേശികളായ യുവാക്കളെ ക്രൂരമായി മർദ്ദിച്ചു.

ഇതിനിടെ ഒന്നാം പ്രതിയായ മുഹമ്മദ് അലി സുദർശനെ കമ്പിവേലിയിൽ ചാരിനിർത്തി മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റിലും മുതുകിലും തോളിലും കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുദർശനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ടൂറിസം പൊലീസ് ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പിടികൂടിയത്. ഇവരെ പിന്നീട് വർക്കല പൊലീസിന് കൈമാറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926