02 July, 2026 07:25:03 PM
കളിക്കാൻ പോയ 11 വയസ്സുകാരിയെ പീഡിപ്പിച്ചു; പരിയാരത്ത് റിട്ട. എസ്ഐ അറസ്റ്റിൽ

കണ്ണൂർ: പരിയാരത്ത് കളിക്കാൻ പോയ പതിനൊന്നുകാരിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വിരമിച്ച പോലീസ് സബ് ഇൻസ്പെക്ടർ പിടിയിലായി. പരിയാരം കാപ്പുങ്ങൽ സ്വദേശിയായ ഇ.വി. ഗോപിനാഥനെയാണ് (62) പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.
മഴയെത്തുടർന്ന് സ്കൂളിന് അവധിയായിരുന്നതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് മദ്യലഹരിയിൽ സ്ഥലത്തെത്തിയ ഗോപിനാഥൻ കുട്ടിയെ ബലമായി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ ഗോപിനാഥന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
ഇതിനിടെ നാട്ടുകാർ ഗോപിനാഥന്റെ വീടിന് മുന്നിൽ തടിച്ചുകൂടുകയും തുടർന്ന് വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഭയത്തിലായിരുന്ന പെൺകുട്ടി ആദ്യം കാര്യങ്ങളൊന്നും തുറന്നുപറഞ്ഞിരുന്നില്ലെങ്കിലും പിന്നീടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഗോപിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.





