02 July, 2026 09:58:03 AM
ടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ഒന്നര ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി

ആലുവ: സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന വ്യാജേനെയെത്തി ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന വാഹനവുമായി കടന്ന് യുവാവ്. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ അസ്സീസി കവലയിലുള്ള 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിലാണ് സിനിമാറ്റിക് മോഡൽ തട്ടിപ്പ് നടന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു സംഭവം.
ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് 30 വയസ്സ് തോന്നിക്കുന്ന യുവാവ് ഷോറൂമിലെത്തിയത്. ബൈക്ക് വാങ്ങാൻ വന്നതാണെന്ന് വിശ്വസിപ്പിച്ച ഇയാളെ സ്ഥാപന പങ്കാളിയായ ഫൈസൽ വാഹനങ്ങൾ കാണിച്ചുകൊടുത്തു. ഇതിനിടെ കെ.എൽ. 1.60 ലക്ഷം രൂപ വിലവരുന്ന 35 കെ 8354 നമ്പറിലുള്ള ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു.
സ്ഥാപനത്തിന്റെ പാർക്കിങ് ഏരിയയിൽ മാത്രം ടെസ്റ്റ് ഡ്രൈവ് ചെയ്യാനാണ് അനുമതിയെങ്കിലും, ബൈക്കിൽ കയറിയ യുവാവ് പെട്ടെന്ന് റോഡിലേക്ക് വണ്ടി ഓടിച്ചുപോവുകയായിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതായതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ഉടമകൾ ആലുവ പോലീസിൽ പരാതി നൽകി. ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.






