01 July, 2026 09:25:00 PM


കോട്ടയം ജില്ലാ ആശുപത്രിയിൽ നിന്നും യുവതിയുടെ പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ



കോട്ടയം : കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയുടെ ബാഗിൽ നിന്നും പണം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. അയ്മനം  കുടമാളൂർ കരയിൽ തുണ്ടിപറമ്പ് ഭാഗത്ത്, രവി നിവാസ് വീട്ടിൽ രജ്ഞിത്ത് രവികുമാറി(48)നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മെയ് മാസം ഒൻപതിന് ജില്ലാ ആശുപത്രിയിൽ പിതാവിൻ്റെ ചികിത്സയ്ക്കായി എത്തിയ ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനിയുടെ പണം മോഷ്ടിച്ച് ശേഷം പ്രതി രക്ഷപെടുകയായിരുന്നു. 

പരാതിക്കാരിയുടെ കൈവശം ബാഗിൽ സൂക്ഷിച്ചിരുന്ന 42500 രൂപയാണ് പകൽ 12.30 നും വൈകിട്ട് 5.30 നും ഇടയിൽ മോഷണം പോയത്.  കോട്ടയം ജനറൽ ആശുപത്രിയിലെ 4ഉം 5ഉം വാർഡുകളുടെ ഇടനാഴിയിൽ വച്ചാണ് സംഭവമുണ്ടായത്. ക്യത്യസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് സംഘം പ്രതിയെ കണ്ടെത്തിയത്.  നിരവധി മോഷണ കേസുകളിലെ പ്രതിയായ ആണ് ഇതിലെ മോഷ്ടാവ് എന്നുള്ളത് മനസ്സിലാക്കി വളരെ തന്ത്രപരമായി ഇയാളെ വലയിൽ കുടുക്കുകയായിരുന്നു. 

കോട്ടയം ജില്ലയിൽ തന്നെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 4 കേസുകളും, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കേസുമുളളതായി നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം കൂടുതൽ സ്റ്റേഷനുകളിൽ കേസുകളുളളതായും സംശയിക്കുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യൂവിൻ്റെ നിർദ്ദേശപ്രകാരം കോട്ടയം ഡി.വൈ.എസ്.പി. കെ.എസ് അരുണിൻ്റെ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് ഇൻസ്പെക്ടറായ അജയമോഹൻ എം ഉം സംഘവും നടത്തിയ അന്വേഷണത്തിലാണ് ഈ മോഷ്ടാവിനെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911