30 June, 2026 11:12:06 AM


ലഹരിവിരുദ്ധ സംഘടനയുടെ നേതാവ് എംഡിഎംഎയുമായി പിടിയിൽ



പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയിൽ പ്രവർത്തിച്ചിരുന്ന യുവാവ് എംഡിഎംഎയുമായി പിടിയിൽ. പത്തനംതിട്ട എഴുമറ്റൂർ കൈമല സ്വദേശിയായ ഷർഫിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. നാട്ടിൽ ആന്റി ഡ്ര​ഗ്സ് മൂവ്മെന്റ് എന്ന പേരിലുള്ള വ്യാജസംഘടനയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷർഫിൻ. ഇയാളുടെ വീട്ടിൽ നിന്ന് 1.590 ​ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

ജില്ലാ ഡാന്‍സാഫ് ടീമും റാന്നി സബ് ഡിവിഷന്‍ ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യഅറയിലാണ് എം‍ഡിഎംഎ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎ വലിക്കാൻ ഉപയോ​ഗിക്കുന്ന ​ഗ്ലാസ് പബ്ലറും ഫ്യൂവിം​ഗ് പൈപ്പുകളും മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആന്റി ഡ്ര​ഗ്സ് മൂവ്മെന്റ്എന്ന സംഘടനയുടെ പ്രസിഡന്റെന്നാണ് ഇയാൾ സ്വയം അവകാശപ്പെട്ടിരുന്നത്. സംഘടനയുടെ ഐഡി കാർഡും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ ആക്രമിച്ച കേസ് ഉൾപ്പെടെ പാലാരിവട്ടം, എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഇയാൾ. മയക്കുമരുന്ന് കേസും ഫർഫിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട് ദിവസങ്ങളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും വിശദമായ പരിശോധനയിൽ ഫർഫിൻ കുടുങ്ങുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948