27 June, 2026 12:34:59 PM
ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭര്‍തൃപീഡനമെന്ന ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ജീവനൊടുക്കി. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി ജീവനൊടുക്കിയത്. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പലഘട്ടത്തിലായി ഇത് പണയം വെയ്ക്കുകയും ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ടും അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചുനല്‍കിയിരുന്നു.





