25 June, 2026 11:33:50 AM


താമരശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം; 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ



കോഴിക്കോട്: സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ക്ക് വാറ്റ് ചാരായം എത്തിച്ചു നല്‍കി പത്താം ക്ലാസുകാരന്‍. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. വിദ്യാർത്ഥികള്‍ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ വാട്ടര്‍ബോട്ടിലില്‍ വാറ്റ്ചാരായം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നും സഹപാഠിയായ വിദ്യാര്‍ത്ഥി എത്തിച്ചു നല്‍കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികള്‍ക്കും ഇത്തരത്തില്‍ വാറ്റ് ചാരായം പതിവായി വിദ്യാർത്ഥി എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം താമരശ്ശേരി പോലീസില്‍ അറിയിച്ചു.

പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ രണ്ടാനച്ഛന്‍ നാടന്‍ ചാരായം വാറ്റുന്നുണ്ടെന്നും, തന്നെ സഹായത്തിന് വിളിക്കാറുണ്ടെന്നുമുള്ള വിവരം വിദ്യാർത്ഥി വെളിപ്പെടുത്തി. വാറ്റുചാരായം സൂക്ഷിക്കുന്ന സ്ഥലത്തെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് താമരശ്ശേരി പോലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ പൂവന്‍ മലയില്‍ നടത്തിയ പരിശോധനയില്‍ വിദ്യാർത്ഥിയുടെ വീടിനു സമീപത്തെ തോട്ടത്തില്‍ ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 28 ലിറ്റർ വരുന്ന 56 കുപ്പി വാറ്റ് ചാരായം കണ്ടെടുത്തു. എന്നാല്‍ പ്രതിയായ വിദ്യാർത്ഥിയുടെ രണ്ടാനച്ഛനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രണ്ടു വിദ്യാർത്ഥിളെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949