25 June, 2026 11:22:01 AM


100-ൽ 54 ചോദ്യങ്ങളുടെയും ഉത്തരം 'ബി'; പിഎസ്‌സി പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് പരാതി



തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18ന് നടന്ന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയുടെ രണ്ടു മാസം മുന്‍പാണ് സിലബസ് മാറ്റിയത്. അറിയിപ്പില്ലാതെ അനധികൃതമായാണ് സിലബസ് മാറ്റിയതെന്ന് പരാതിയില്‍ പറയുന്നുണ്ട്. 

പരീക്ഷാ ദിവസമാണ് ഉദ്യോഗാര്‍ത്ഥികള്‍ സിലബസ് മാറിയ വിവരം അറിഞ്ഞത്.  വര്‍ഷങ്ങളായി ഈ തസ്തികയിലേക്കുള്ള പരീഷ സിലബസില്‍ പ്രധാനമായും ഉൾപ്പെടുന്നത് എക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറല്‍നോളജ് എന്നീ വിഷയങ്ങളാണ്. എന്നാല്‍ ഇത്തവണ അറിയിപ്പില്ലാതെ പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ജനറല്‍നോളജ് ഒഴിവാക്കി കൊമേഴ്‌സ് ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ തസ്തികയ്ക്ക് എന്തിനാണ് കൊമേഴ്‌സ് ഉള്‍പ്പെടുത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

ഉത്തര സൂചികയിലും ഉദ്യോഗാര്‍ത്ഥികള്‍ അസ്വാഭാവികത ചൂണ്ടിക്കാണിക്കുന്നുണ്ട്. 100 ചോദ്യങ്ങളില്‍ 54 ചോദ്യത്തിന്റെ ഉത്തരങ്ങളും ബി ഓപ്ഷനാണ് എന്നതാണ് അസ്വാഭാവികത. ചിലരെ സഹായിക്കാനായി നടത്തിയ ക്രമക്കേടാണിതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. മുഖ്യമന്ത്രിക്കും പിഎസ്‌സി ചെയര്‍മാനും ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919