03 June, 2026 05:48:16 PM


ഗണ്‍മാന്മാരുടെ മര്‍ദ്ദനം: പൊലിപ്പിച്ച് എഴുതിയ പരാതിയെന്ന് കോടതി



ആലപ്പുഴ: ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസില്‍ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്ന് കോടതി പറഞ്ഞു. അഭിഭാഷക സഹായത്തോടെ എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കേണ്ടേ എന്ന് കോടതി ചോദിച്ചു. കേസ് ജൂൺ ആറിന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പരോക്ഷമായി പറഞ്ഞു. ഡിജിറ്റൽ തെളിവുകളിൽ വ്യക്തത വരുത്താമെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി.

വൈകാരികമായായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വാദിഭാഗം പ്രതികരിച്ചത്. കോടതി ഒന്നും കാണുന്നില്ലേ എന്ന് വാദിഭാഗത്തിന്റെ അഭിഭാഷകന്‍ പി റോയ് ചോദിച്ചു. മനസാക്ഷി മരവിക്കുന്ന അക്രമം അല്ലെ നടന്നത്. വിഷമം തോന്നുന്നുവെന്നും പി റോയ് പറഞ്ഞു. നിസാര പരിക്ക് അല്ലേ ഉള്ളു എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.

2011ലെ സര്‍ക്കുലറും പ്രതിഭാഗം ഹാജരാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടായാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും സര്‍ക്കുലറില്‍ ഉണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. 'പ്രതിഷേധക്കാര്‍ നവകേരള ബസിനെ പിന്തുടര്‍ന്നു. പലയിടങ്ങളില്‍ പ്രതിഷേധം ഉണ്ടായി. വാഹനത്തിന് തൊട്ട് അടുത്ത് വരെയെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയായിരുന്നു പ്രധാനം. മുഖ്യമന്ത്രി ആ സമയം വലിയ സുരക്ഷാഭീഷണി നേരിട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്', പ്രതിഭാഗം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിക്ക് നവകേരളയാത്രയ്ക്കിടെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഗണ്‍മാന്മാരുടെ നടപടിക്ക് തൊട്ടുമുന്‍പും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായി. ഇതിനാല്‍ തന്നെ ഗണ്‍മാന്മാര്‍ ജാഗരൂകരായിരുന്നു. അടിക്കാന്‍ ഉപയോഗിച്ചത് മാരകായുധം അല്ല. പൊലീസ് സേനയില്‍ ഉള്ള ലാത്തി മാത്രമാണ് ഉപയോഗിച്ചത്. തലയില്‍ നെറ്റി ഭാഗത്താണ് പരിക്കേറ്റത്. തലയിലെ മര്‍മ്മഭാഗത്തല്ല അടി ഏറ്റതെന്നും പ്രതിഭാഗം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K