08 July, 2026 03:41:19 PM


കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: കെ ബിജു ഐഎഎസിനെതിരെ കോടതിയലക്ഷ്യ നടപടി



കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി. കെ ബിജു ഐഎഎസിനോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ നിലപാട് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് ഇറക്കിയതിനാണ് നടപടി.

സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യ അനുമതി ഉത്തരവിനെതിരെയും കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഉത്തരവ് നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമാണെന്നും അപകടകരവും അനാവശ്യവുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍. 'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാല്‍, പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പം ഗുലുമാല്‍', അത്തരം ഉത്തരവാണ് ഇറക്കിയതെന്നും ഹൈക്കോടതി പരിഹസിച്ചു.

പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടതി കുറ്റപ്പെടുത്തി. പ്രതികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാനില്ല, ഉദ്യോഗസ്ഥരാണ് ഉത്തരവാദി. ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യരല്ല. പ്രതി വാര്‍ത്താസമ്മേളനം നടത്തി നീതിന്യായ വ്യവസ്ഥയെ ആക്രമിച്ചു. എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, കോടതിയെ നാണം കെടുത്തുക എന്ന ഉദ്ദേശം നടപ്പിലാക്കിയെന്നും വിമര്‍ശിച്ചു. ഏകാധിപത്യ ഭരണമല്ല ഇവിടെ നടക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയും കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കണമെന്നും പറഞ്ഞു.

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. കൊല്ലം സ്വദേശിയായ ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. കേസിലെ പ്രതികളായ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള പുതിയ അനുമതി ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയ പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയിരുന്നു.

അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന ഭാഗവും വ്യവസായ വകുപ്പ് തിരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആണ് സിബിഐ വിചാരണ നടത്തുന്നത്. മുന്‍പ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച മൂന്ന് ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയതായി സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ ഉത്തരവ് അഡ്വക്കേറ്റ് ജനറല്‍ തിരിച്ചയച്ചിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941