08 July, 2026 11:31:24 AM


പത്തനംതിട്ടയിൽ മദ്യപിച്ച് പോലീസ് ജീപ്പോടിച്ച സംഭവം: 3 ഡാൻസാഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു



പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് കസ്റ്റഡി വാഹനവുമായി പൊതുറോഡിൽ അക്രമം കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി (എസ്പി) അടിയന്തരമായി കടുത്ത നടപടിയെടുത്തത്. 

ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് അർദ്ധരാത്രിയോടെ തന്നെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പത്തനംതിട്ട എസ്പി ഓഫീസിന് തൊട്ടടുത്തുവെച്ചായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അമിതവേഗതയിലും അതീവ അപകടകരമായ രീതിയിലുമാണ് പൊലീസുകാർ ജീപ്പ് ഓടിച്ചിരുന്നത്. വാഹനം നിയന്ത്രണം വിട്ട് റോഡിലൂടെ പാഞ്ഞതോടെ നാട്ടുകാർ ജീപ്പ് തടയുകയായിരുന്നു. ഇതിനിടെ, ജനങ്ങൾ തടിച്ചുകൂടുകയും മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങുകയും ചെയ്തതോടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ജനക്കൂട്ടത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

മദ്യപിച്ച് വാഹനം ഓടിച്ച പ്രിയേഷ് എം. എന്ന സിവിൽ പൊലീസ് ഓഫീസറെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മദ്യപിച്ച് പൊതുവഴിയിൽ അപകടകരമായി വാഹനമോടിച്ചതിന് പത്തനംതിട്ട പോലീസ് കേസെടുത്തിട്ടുണ്ട്. തുടർന്ന് ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ലഹരി വേട്ടയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘം തന്നെ ഇത്തരത്തിൽ നിയമലംഘനം നടത്തിയത് ഡിപ്പാർട്ട്മെന്റിന് വലിയ തിരിച്ചടിയായ പശ്ചാത്തലത്തിലാണ് അതീവ ഗൗരവത്തോടെ ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടതും മണിക്കൂറുകൾക്കകം പ്രതികൾക്കെതിരെ സസ്പെൻഷൻ നടപടി പൂർത്തിയാക്കിയതും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302