11 July, 2026 12:40:21 PM
കാസര്‍കോട് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ്. അസ്ഥികള്‍ പുറത്തേക്ക് തള്ളിയിട്ടുണ്ട്. തലവേർപ്പെട്ട നിലയിലായതിനാല്‍ മുങ്ങിമരണമാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്.
ഇന്ന് രാവിലെയാണ് മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് മനസിലാക്കുന്നത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. കടലില്‍ വീണപ്പോള്‍ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസിനുണ്ട്. ബേക്കല്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ കഴുത്ത് മുതല്‍ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നാണ് മത്സത്തൊഴിലാളികള്‍ പറയുന്നത്. വലയില്‍ കുടുങ്ങിയ അടയാളമുണ്ടെന്നും പറയുന്നു.
കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ ആളുകളെ കേന്ദ്രീകരിച്ചും, കര്‍ണാടക അതിര്‍ത്തിയായതിനാല്‍ അയല്‍സംസ്ഥാനത്ത് നിന്നുള്ള ആളാണോ എന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദീര്‍ഘകാലം കടലില്‍ കിടന്നാല്‍ തലവേര്‍പ്പെട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ മറ്റ് ദുരൂഹതകള്‍ ആരോപിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് ഭാഷ്യം. ആരാണ് മരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.







