30 June, 2026 10:52:05 AM


വാഹന മോഡിഫിക്കേഷൻ: അമിത വെളിച്ചവും ശബ്ദവും വേണ്ട - സി പി ജോണ്‍



തിരുവനന്തപുരം: അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണെന്നും കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും ഗതാഗത മന്ത്രി സഭയില്‍ വ്യക്തമാക്കി. സഭയില്‍ സജി ചെറിയാന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

'മോഡിഫിക്കേഷന്‍ അനുവദിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിയമാവലി ബാധകമാണ്. അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ അനുവദിക്കും. അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന്‍ അംഗീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ കളര്‍കോഡ്, അപകടകരമല്ലാത്ത ഫിറ്റിംഗ്‌സ്, വാഹനത്തിന്റെ പുറത്തേക്ക് തുറിച്ചുനില്‍ക്കാത്ത തരത്തിലുള്ള കാര്യങ്ങള്‍ പിടിപ്പിക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷനെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണ്', മന്ത്രി പറഞ്ഞു.

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കുമെന്നും സി പി ജോണ്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നിയന്ത്രണത്തില്‍ മാത്രം ഡ്രൈവിംഗ് സ്‌കൂള്‍ വന്നതുകൊണ്ടുകാര്യമില്ല. കൂടുതല്‍ പേരെ ഡ്രൈവിംഗിലേക്ക് കൊണ്ടുവരും. വിദ്യാഭ്യാസമന്ത്രിയുമായി ആലോചിച്ച് സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലൈസന്‍സ് ലേണിംഗ് നല്‍കുന്നത് ആലോചിക്കും. പാഠ്യപദ്ധതിയില്‍ ഡ്രൈവിംഗ് നിയമങ്ങള്‍ പഠിപ്പിക്കുന്നതാണ് ആലോചിക്കുന്നത്. 18 പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് ലഭിക്കുന്ന രീതിയിലായിരിക്കും പരിശീലനം എന്നും സിപി ജോണ്‍ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308