17 July, 2026 05:27:52 PM


ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ പരിശോധന ഇനി പ്രാദേശിക തലത്തിലും



കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകളുടെ പഞ്ചായത്ത്,  മുനിസിപ്പാലിറ്റി തല വേരിഫിക്കേഷന്‍ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം  ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ് നിര്‍വ്വഹിച്ചു.

 ഫെയര്‍ മീറ്ററുകള്‍ പരിശോധിച്ചു കൃത്യമെന്ന് ഉറപ്പു വരുത്തി മുദ്ര ചെയ്യുന്നതിനായി ഓട്ടോറിക്ഷകള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഹാജരാക്കേണ്ടിയിരുന്ന സാഹചര്യം ഇതോടെ ഒഴിവാകും. താലൂക്ക് ആസ്ഥാനങ്ങളില്‍ നടത്തിയിരുന്ന പരിശോധന ഇനി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ നടത്തും. ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ നിന്ന് 15 കിലോമീറ്ററിലധികം അകലെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓട്ടോറിക്ഷകള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക.
 
കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ വേണുഗോപാല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സി. വിനോദ്, എം.ആര്‍. അനില്‍കുമാര്‍,ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ രാജേഷ് സാം, ഡെപ്യൂട്ടി കണ്‍ട്രോളര്‍ എം. സഫിയ എന്നിവര്‍ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934