23 July, 2026 07:32:13 PM
ആരോഗ്യമന്ത്രി കെ.മുരളീധരന്റെ ജനസമ്പർക്ക പരിപാടി 'കായകൽപം' ശനിയാഴ്ച കോട്ടയത്ത്

കോട്ടയം: ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തിൽ പൊതുജനാഭിപ്രായവും നിർദേശങ്ങളും സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകകുപ്പുമന്ത്രി കെ. മുരളീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി -'കായകൽപ്പം' ശനിയാഴ്ച (ജൂലൈ 25) കോട്ടയം സി.എം.എസ്. കോളജിൽ നടക്കും. രാവിലെ 9.30ന് സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധകൃഷ്ണൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ജല വിഭവ- ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് മുഖ്യാതിഥിയാവും.
എം.പിമാരായ അഡ്വ. ഫ്രാൻസിസ് ജോർജ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, റോണി കെ. ബേബി, എം. ജെ. സെബാസ്റ്റ്യൻ, കെ. ബിനിമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ്. നായർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, കോട്ടയം നഗരസഭാംഗം മോൻ ജേക്കബ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ എന്നിവർ പങ്കെടുക്കും.
പൊതുജനാരോഗ്യ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും അപര്യാപ്തത, സാമ്പത്തിക കുടിശിക, ജീവനക്കാരുടെ കുറവ്, പകർച്ച വ്യാധി നിയന്ത്രണത്തിലെ പോരായ്മകൾ എന്നിവ പരിഹരിച്ച് സമഗ്രമായ ആരോഗ്യ വികസന പദ്ധതി തയാറാക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കും.





