07 March, 2026 11:50:17 AM


കാത്തിരിപ്പുകൾക്കും അവഗണനകൾക്കും അറുതിയായി; പെരുമ്പളം പാലത്തിന് ആശംസയുമായി മമ്മൂട്ടി



ആലപ്പുഴ: കാലങ്ങളായി ഒറ്റപ്പെട്ട തുരുത്തായി കഴിഞ്ഞിരുന്ന പെരുമ്പളം നിവാസികളുടെ സ്വപ്നമായ പാലം യാഥാർത്ഥ്യമായ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി. രണ്ട് കരകൾ കൈകോർക്കുമ്പോൾ മാറുന്നത് വെറും ദൂരമല്ലെന്നും മറിച്ച് ഒരു ജനതയുടെ ജീവിതമാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

തന്റെ നാടായ ചെമ്പിന്റെ അക്കരെയുള്ള അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമെല്ലാം ഇപ്പോൾ ഒരു നാടായി മാറിയതിൽ അദ്ദേഹം വലിയ സന്തോഷം പ്രകടിപ്പിച്ചു. അസുഖം വന്നാൽ ആശുപത്രിയിലെത്താനുള്ള പ്രയാസവും, ജോലിക്കു പോകാനുള്ള വേവലാതിയും, വിവാഹാലോചനകൾ പോലും മുടങ്ങുന്ന അവസ്ഥയും അനുഭവിച്ചിരുന്ന ഒരു ജനതയുടെ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇതോടെ അറുതിയാവുകയാണെന്ന് മമ്മൂട്ടി പറഞ്ഞു.

"രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത്.. ദൂരമല്ല... ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ... സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ... ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ…

ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കും ഇപ്പോൾ അറുതിയാവുകയാണ്. എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ .. ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു.

ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും... പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ! എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!"- എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

വേമ്പനാട് കായലിന്റെ നടുവിൽ പതിറ്റാണ്ടുകളായി ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പെരുമ്പളം ദ്വീപ് നിവാസികൾക്ക് ഇന്ന് ചരിത്രനിമിഷം. തലമുറകളുടെ കാത്തിരിപ്പിന് വിരാമമിട്ട്, സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. അരൂർ നിയോജകമണ്ഡലത്തിലെ അരൂക്കുറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ, അടിയന്തര ചികിത്സയ്ക്കും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി കരയിലെത്താൻ വഞ്ചികളെയും ജങ്കാറുകളെയും മാത്രം ആശ്രയിച്ചിരുന്ന ദ്വീപുവാസികളുടെ ദുരിതയാത്രകൾക്കാണ് അറുതിയാകുന്നത്.

2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി സഹായത്തോടെ 100 കോടി രൂപ ചിലവഴിച്ചാണ് 1155.40 മീറ്റർ നീളമുള്ള ഈ പാലം നിർമ്മിച്ചത്. 11 മീറ്റർ വീതിയുള്ള പാലത്തിൽ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി പ്രത്യേക നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിലൂടെ പെരുമ്പളം ഇനി വികസനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുകയാണ്. ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഈ പാലം ആലപ്പുഴയുടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണർവ്വേകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939