04 March, 2026 12:06:22 PM
ശബരിമല സ്വർണക്കൊള്ള കേസില്‍ എ.പത്മകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം. ദ്വാരപാലക ശില്‍പക്കേസില്‍ സ്വാഭാവിക ജാമ്യമാണ് പത്മകുമാറിന് ലഭിച്ചിരിക്കുന്നത്. കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യത്തെയാള്‍. ഇതിന് ശേഷം ശബരിമല മുന്‍ അഡ്മിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍, ശബരിമല മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എന്‍ വാസു, കണ്ഠരര് രാജീവര്, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു എന്നിവര്‍ പുറത്തിറങ്ങി.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.







