28 February, 2026 03:18:16 PM


മുള്ളന്‍ പന്നിയെ അടിച്ചു കൊന്നു; വെള്ളനാട് ശശിക്കെതിരെ കേസെടുത്തു



തിരുവനന്തപുരം: സംരക്ഷിത ജീവി ഇനത്തിൽപ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തു. പരുത്തിപ്പള്ളി വനം വകുപ്പാണ് കേസെടുത്തത്. കേസിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമപഞ്ചായത്തിൽ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.

വെള്ളനാട് വാളിയറയിൽ ഇന്ന് രാവിലെ 7.30ഓടുകൂടിയാണ് രജിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മുള്ളൻപന്നിയെ കണ്ടത്. ഇതിനുപിന്നാലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ പഞ്ചായത്തംഗമായ ശൈലജയേയും നാട്ടുകാരേയും വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പിന്റെ നമ്പര്‍ ഇല്ലാത്തതിനാല്‍ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയോട് വിവരംപറഞ്ഞു. തുടര്‍ന്നാണ് വെള്ളനാട് ശശി സ്ഥലത്തെത്തി മുള്ളന്‍പന്നിയെ അടിച്ചുകൊന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വനംവകുപ്പൊന്നും വേണ്ട താന്‍ തന്നെ ഇത് കൈകാര്യംചെയ്തോളാമെന്ന് പറഞ്ഞായിരുന്നു വെള്ളനാട് ശശി മുള്ളന്‍പന്നിയെ കൊന്നത്.

വന്യജീവി സംരക്ഷണ നിയമം 1972ലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന സംരക്ഷിത ജീവിയാണ് മുള്ളൻ പന്നി. ഏഴ് വർഷം വരെ തടവും കുറഞ്ഞത് 25,000 പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ആർ ടി റോഷ്‌നിയുടെ നേതൃത്വത്തിൽ ചത്ത മുള്ളൻ പന്നിയെ വനംവകുപ്പ് വാഹനത്തിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 926