29 July, 2025 09:41:12 AM


സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തു കുരുങ്ങി വിദ്യാർഥി മരിച്ചു



കോട്ടയം: സഹോദരിയോടൊപ്പം കളിക്കുന്നതിനിടിയിൽ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെയും റോഷ്‌നിയുടെയും മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. കുട്ടി സഹോദരി കൃഷ്ണപ്രിയയോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടാവുന്നത്.

തുണിയിടുന്ന അയയിൽ തോർത്ത് കെട്ടിയാടുന്നതിനിടെ ഇത് കുട്ടിയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവസമയത്ത് അമ്മ കുളിക്കുകയായിരുന്നു. സഹോദരിയുടെ നിലവിളികേട്ട് ഓടിയെത്തിയ അമ്മ കുട്ടിയെ ഉടൻ തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഭരണങ്ങാനം സെയ്ന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് കിരൺ. സംസ്‌കാരം നടത്തി. അതേസമയം, കിരണിന്റെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുനീഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K