17 July, 2025 09:43:13 AM
പാമ്പാടി ബ്ലോക്കിലും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങി

കോട്ടയം: കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുമ്മണ്ണൂരിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ജില്ലയിലെ ആറാമത്തെയും പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തേതുമായ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററാണ് കിടങ്ങൂരിൽ പ്രവർത്തനം ആരംഭിച്ചത്. കുമ്മണ്ണൂർ അപ്പാരൽ പാർക്കിന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിച്ച സെന്ററിന്റെ നടത്തിപ്പിനായി ഒരു ട്രെയിനറെയും സഹായിയെയും നിയമിച്ചിട്ടുണ്ട്. രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയാണ് സെന്ററിന്റെ പ്രവർത്തനം. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹന സൗകര്യവും ഒരുക്കുവാൻ പദ്ധതിയുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ താക്കോൽദാനവും ഉപകരണങ്ങൾ കൈമാറലും നടത്തി.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കലിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന്റെ 2021-2022 വർഷത്തെ പദ്ധതിവിഹിതം 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് വിഹിതം അഞ്ചുലക്ഷം രൂപയും 2023-24 വർഷത്തെ ബ്ലോക്ക് പഞ്ചായത്ത് വിഹിതം അഞ്ചുലക്ഷം രൂപയും കുടുംബശ്രീ ജില്ലാ മിഷന്റെ ആദ്യഗഡു തുകയും ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഫർണിച്ചറും പ്രവർത്തനത്തിന് ആവശ്യമായ സാധനങ്ങളും വാങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷൻ വഴി അനുവദിച്ച ആദ്യഗഡുവായ 12.50 ലക്ഷം രൂപ വിനിയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീനാ മാളിയേക്കൽ, സ്ഥിരംസമിതി അധ്യക്ഷരായ പി.ജി. സുരേഷ്, ദീപലത, കെ.ജി. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡോ. മേഴ്സി ജോൺ മൂലക്കാട്ട്,അശോക് കുമാർ പൂതമന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബി സിബി,ലൈസമ്മ ജോർജ്, കുഞ്ഞുമോൾ ടോമി, മിനി ജെറോം,ബോബി മാത്യു,സുനി അശോകൻ,തോമസ് മാളിയേയ്ക്കൽ, രശ്മി രാജേഷ്, ഹേമ രാജു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രദീപ് വലിയപറമ്പിൽ, കിടങ്ങൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ.ബി. സുരേഷ് ബാബു നെച്ചിക്കാട്ട്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അഞ്ചു തോമസ്, കിടങ്ങൂർ ഫിസിക്കലി ഹാൻഡിക്യാപ്പ്ഡ് പീപ്പിൾ വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് സജി ചാക്കോ, സി.ഡി.എസ്. ചെയർപേഴ്സൺ മോളി ദേവരാജൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.കെ. രാജീവ്, എന്നിവർ പ്രസംഗിച്ചു.