15 July, 2025 08:12:42 PM
പൈക കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബും പബ്ലിക് ഹെൽത്ത് യൂണിറ്റും ഉദ്ഘാടനം ചെയ്തു

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പൈക കുടുംബാരോഗ്യകേന്ദ്രത്തിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാന്റ് ഫണ്ട് 27.57 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ലാബിന്റെയും പബ്ലിക്ക് ഹെൽത്ത് യൂണിറ്റിന്റെയും ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് നിർവഹിച്ചു. ഗുണനിലവാരമുള്ള രോഗനിർണ്ണയ സംവിധാനങ്ങളും പൊതുജനാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സൗകര്യങ്ങളും നവീകരിച്ച ലബോറട്ടറിയിൽ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് വിംഗ്, ഹെൽത്ത് ലബോറട്ടറി, ബ്ലോക്ക് എച്ച്.എം.ഐ.എസ് സെൽ എന്നിവയിലേക്ക് പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഹെൽത്ത് ഗ്രാന്റ് ഉപയോഗിച്ച് സജ്ജീകരിച്ചിട്ടുണ്ട്. എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡേറ്റാ മാനേജർ, ഡേറ്റാ ഓപ്പറേറ്റർ എന്നിവരുടെ സേവനം പബ്ലിക് ഹെൽത്ത് യൂണിറ്റിൽ ലഭ്യമാകുന്നതിലൂടെ പകർച്ചവ്യാധികൾക്കെതിരായുള്ള പ്രതിരോധ നടപടികളും നിയന്ത്രണ നടപടികളും കാര്യക്ഷമമായി നടത്താനാവുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജെയ്‌സി എം. കട്ടപ്പുറം പറഞ്ഞു.
ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം നാലുവരെ പ്രവർത്തിക്കുന്ന ബ്ലോക്ക് പൊതുജനാരോഗ്യ ലബോറട്ടറിയിൽ ഹീമോഗ്ലോബിൻ, കൊളസ്ട്രോൾ, പ്ലേറ്റ്ലെറ്റ് കൗണ്ട് മുതലായ 63 ടെസ്റ്റുകൾ ഡോക്ടറുടെ കുറിപ്പ് കൂടാതെ മിതമായ നിരക്കിൽ ചെയ്യാം.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പ്രേമ ബിജു, എലിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യാകുളം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെയിംസ് ജീരകത്ത്,കെ.എം. ചാക്കോ, ദീപ ശ്രീജേഷ്,സിനി ജോയ്, എച്ച്.എം.സി. അംഗങ്ങളായ കെ.എം. ചാക്കോ കോക്കാട്ട്, ടോമി കപ്പിലുമാക്കൽ, രാജൻ ആരംപുളിക്കൽ, ബാബു വടക്കേമംഗലം,ഗോപി, മെഡിക്കൽ ഓഫീസർ ഡോ.ജെയ്‌സി എം. കട്ടപ്പുറം, ഹെൽത്ത് ഇൻസ്‌പെക്ടർ പി.എൻ. ഹരീഷ് എന്നിവർ പ്രസംഗിച്ചു.