13 July, 2025 01:00:58 PM
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു(83) അന്തരിച്ചു.ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്നു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തെലുങ്ക്,തമിഴ്,കന്നഡഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1942 ജൂലൈ 10 ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിൽ ജനിച്ച കോട്ട ശ്രീനിവാസ റാവു, 1978 ൽ പ്രണം ഖരീദു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ശക്തമായ സ്ക്രീൻ സാന്നിധ്യത്തിലൂടെ പെട്ടെന്ന് പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം തെലുങ്ക് സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിൽ ഒരാളായി. വില്ലനായും ഹാസ്യതാരമായും സഹതാരമായുമെല്ലാം നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്നതിന് മുൻപ് റാവു നാടക നടനായിരുന്നു.