16 August, 2025 09:25:44 AM
ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍ അന്തരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറന്‍(62) അന്തരിച്ചു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഓഗസ്റ്റ് രണ്ടിന് വസതിയിലെ കുളിമുറിയില്‍ തെന്നിവീണ് ഗുരുതര പരിക്കേറ്റ രാംദാസ് സോറനിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1963 ജനുവരി ഒന്നിന് ഈസറ്റ് സിങ്ഭും ജില്ലയിലെ ഘോരബന്ദ ഗ്രാമത്തിലാണ് രാംദാസ് സോറന്‍ ജനിച്ചത്. ഘോരബന്ദ പഞ്ചായത്തിലെ ഗ്രാമ പ്രധാനായാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഹേമന്ത് സോറന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രബലമായ മന്ത്രിയായിരുന്നു രാംദാസ് സോറന്‍. ബിജെപിയുടെ ബാബുലാല്‍ സോറനെ തോല്‍പ്പിച്ചാണ് കഴിഞ്ഞ തവണ മൂന്നാമതും രാംദാസ് സോറന്‍ നിയമസഭയിലെത്തിയത്.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ദേശീയ വക്താവ് കുണാല്‍ സാരംഗിയാണ് മരണവിവരം അറിയിച്ചത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. 'രാംദാസ് ദാ ഞങ്ങളെ വിട്ടുപോകാന്‍ പാടില്ലായിരുന്നു', ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചു.