19 July, 2025 01:12:55 PM


തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു



ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു(77) അന്തരിച്ചു.മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനാണ് എം.കെ.മുത്തു. ഇന്ന് രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി രോഗബാധിതനായിരുന്നു. 

നിരവധി സിനിമകളിൽ അദ്ദേഹം നായകനായി അഭിനയിച്ചു. 'പിള്ളയോ പിള്ളൈ' (1972) ആയിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം. ഈ സിനിമയുടെ തിരക്കഥ എഴുതിയത് എം. കരുണാനിധിയായിരുന്നു. തുടർന്ന് 'സമാധി', 'എൻകെ സമാധാനം' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. തൻ്റെ സിനിമകളിൽ പാട്ടുകൾ പാടുകയും ചെയ്തുകൊണ്ട് ഗായകനെന്ന നിലയിലും അദ്ദേഹം കഴിവ് തെളിയിച്ചു. അദ്ദേഹത്തിൻ്റെ സംഗീത കച്ചേരികൾക്കും വലിയ ജനപ്രീതി ലഭിച്ചിരുന്നു.

കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ്. നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു മുത്തുവിന്റെ ജനനം. മുത്തു ജനിച്ചതിനു പിന്നാലെ 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചു. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K