14 August, 2025 08:01:25 PM


ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു



തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്റെറി സംവിധായകന്‍ ആര്‍ എസ് പ്രദീപ് അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യകാല ടെലിവിഷന്‍ സ്റ്റുഡിയോ ട്രിവാന്‍ഡ്രം ടെലിവിഷന്റെ സ്ഥാപകനായിരുന്നു പ്രദീപ്. ദൂരദര്‍ശനു വേണ്ടി അനേകം പ്രോഗ്രാമുകള്‍ ചെയ്തിട്ടുണ്ട്. 2005 മുതല്‍ 2013 വരെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. ലെനിന്‍ രാജേന്ദ്രന്റെ ജീവിതത്തെ ആസ്പദമാക്കി ' വേനല്‍ പെയ്ത ചാറ്റു മഴ ' 2019 ലെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2023 ല്‍ 69 ാം ദേശീയ ചലചിത്ര അവാര്‍ഡില്‍ 'മൂന്നാം വളവ് ' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. പന്ത്രണ്ടിലേറെ അന്തര്‍ദേശീയ ചലചിത്ര മേളകളില്‍ പ്രദീപിന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'പ്‌ളാവ് ' എന്ന ഡോക്യുമെന്ററി സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് വിഭാഗത്തില്‍ സംസ്ഥാന പുരസ്‌ക്കാരം നേടി. ഡോ: എ പി ജെ അബ്ദുള്‍ കലാമിനെ കുറിച്ചുള്ള വിങ്‌സ് ഓഫ് ഫയര്‍ , തുഞ്ചത്തെഴുത്തച്ഛന്‍ , അജാന്ത്രിക്ക് തുടങ്ങി പ്രശസ്തമായ നൂറിലധികം പ്രശസ്ത ഡോക്യുമെന്ററികളുടെ സംവിധായകനാണ്. സംസ്‌കാരം നാളെ നടക്കും. രാവിലെ 9 മണി മുതല്‍ ബേക്കറി ജങ്ഷനടുത്ത് വസതിയായ 0VRA C86 ല്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകീട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K