18 February, 2025 08:55:38 PM
പെരുവ സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്
രാജേഷ് കുര്യനാട്

പെരുവ: പെരുവ ഗവ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥിയെ പിറവം ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥികളും രണ്ടാംവർഷ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ വിദ്യാർഥികൾ തമ്മിൽ സ്കൂളിനു മുന്നിൽ ആയിരുന്നു സംഘട്ടനം. ഒന്നാം വർഷം പഠിക്കുന്ന മൂന്ന് വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മുപ്പതോളം പേരുടെ സംഘമാണ് സംഘർഷത്തിൽ പങ്കെടുത്തത്. സ്കൂളിന് മുന്നിലെ കൊച്ചിൻ ടൈംസിന് മുന്നിൽ നിന്നും ആരംഭിച്ച് ശാന്തോം ആശുപത്രി വരെ സംഘട്ടനം നീണ്ടു. പിടിച്ചു മാറ്റാൻ എത്തിയ നാട്ടുകാർക്കും കിട്ടി തല്ല്.
ഇതിനിടയിൽ വ്യാപാരികളും നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്ന് അധ്യാപകരും പോലീസും എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ചു മാറ്റിയത്. തുടർന്ന് സ്കൂളിലെത്തിച്ച വിദ്യാർഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയച്ചു. ക്ലാസുകൾ അവസാനിക്കാറായ ഈ സമയത്ത് വിദ്യാർഥികൾ തമ്മിൽ വക്കേറ്റം പതിവാണ്. സ്കൂൾ സമയങ്ങളിൽ സ്കൂൾ പരിസരത്തും ജംഗ്ഷനിലും പോലീസ് നിരീക്ഷണം വേണമെന്ന് നാട്ടുകാരും രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെട്ടു.