10 December, 2024 07:24:50 PM


'കരുതലും കൈത്താങ്ങും'; വൈക്കത്ത് 50 പരാതികളിൽ ഉടനടി പരിഹാരം

- അദാലത്ത് ദിവസം ലഭിച്ചത് 328 എണ്ണം - മൊത്തം ലഭിച്ചത് 454 പരാതി



കോട്ടയം: ജനങ്ങളെ നേരിൽക്കണ്ട് പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത് നടത്തിയ വൈക്കം താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 50 പരാതികൾക്ക് ഉടനടി പരിഹാരമായി. അദാലത്തിനു മുൻപ് ലഭിച്ച 126 അപേക്ഷകളിൽ 58 എണ്ണമാണ് അദാലത്തിന്റെ പരിഗണനാവിഷയത്തിൽ ഉൾപ്പെട്ടത്. ഇതിൽ 50 എണ്ണത്തിലാണ് ഉടനടി തീർപ്പുണ്ടായത്. മറ്റ് അപേക്ഷകളിൽ 15 ദിവസത്തിനകം തുടർനടപടി സ്വീകരിച്ച് അപേക്ഷകനെ അറിയിക്കുന്നതിന് വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

അദാലത്ത് ദിവസം കൗണ്ടറിലൂടെ 328 പരാതി കൂടി ലഭിച്ചു. ആകെ 454 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അദാലത്ത് ദിവസം ലഭിച്ചതടക്കമുള്ള ശേഷിക്കുന്ന പരാതികളിൽ/അപേക്ഷകളിൽ 15 ദിവസത്തിനുള്ളിൽ തീർപ്പാക്കി പരാതിക്കാരനെ/അപേക്ഷകനെ രേഖാമൂലം വിവരം അറിയിക്കാൻ ബന്ധപ്പെട്ട വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഭൂമിയുടെ ന്യായവില അപാകതകൾ പരിഹരിക്കൽ, കെട്ടിട നിർമാണ ചട്ടം പാലിക്കാതെ മാറ്റം വരുത്തിയ നിർമാണങ്ങൾക്ക് പെർമിറ്റ് അനുവദിക്കൽ, സർവേ, കെട്ടിടത്തിന് നമ്പരിടൽ, പോക്കുവരവ് ചെയ്യൽ, അപകടകരമായ മരം മുറിച്ചുമാറ്റൽ, പെൻഷൻ അനുവദിക്കൽ, വഴി കൈയേറ്റം തുടങ്ങി വിവിധ വിഷയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ വന്നത്. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ മൂന്നാമത്തെ താലൂക്ക് അദാലത്ത് ഡിസംബർ 13 ന് മീനച്ചിലിൽ നടക്കും. രാവിലെ 10 മുതൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിലാണ് അദാലത്ത്. പൊതുജനങ്ങൾക്ക് karuthal.kerala.gov.in എന്ന പോർട്ടലിലൂടെയും അദാലത്തിൽ നേരിട്ടെത്തിയും അപേക്ഷ/പരാതി നൽകാം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950