03 November, 2024 06:11:58 PM


വൈക്കത്തഷ്ടമിക്ക് വിപുലമായ ഒരുക്കങ്ങൾ- മന്ത്രി വി.എന്‍. വാസവന്‍



കോട്ടയം: വൈക്കത്തഷ്ടമി എല്ലാ പരിപാവനതയോടും സുഗമമായും നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന്  ദേവസ്വം - സഹകരണ- തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.  വൈക്കത്തഷ്ടമി , ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.   വൈക്കത്തഷ്ടമി സുഗമമാക്കാന്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 12 മുതല്‍ 23 വരെയാണ് വൈക്കത്തഷ്ടമി.  24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് വിഭാഗങ്ങളുടെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ക്ഷേത്രത്തിലും പരിസരങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 550 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി 45 സ്ഥിരം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.  തകരാറിലായ സി.സി.ടി.വികളും ഹൈമാസ്റ്റ് ലൈറ്റുകളും അഷ്ടമിക്ക് മുൻപായി നന്നാക്കും. ലഹരി വസ്തുക്കളുമായി വിതരണക്കാര്‍ മേഖലയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നും പ്രതിരോധിക്കാനായി സംയുക്ത സ്‌ക്വാഡ് രൂപീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ആംബുലന്‍സ്-മരുന്ന് സേവനങ്ങളും ലഭ്യമാകും. ക്ഷേത്രത്തിനു സമീപം നഴ്സുമാരുൾപ്പെടുന്ന പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. 
കച്ചവട സ്ഥാപനങ്ങളിലെ വിലനിലവാരം ഏകീകരണം, പായ്ക്കറ്റ് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ഗുണമേന്മ ഉറപ്പാക്കല്‍ എന്നിവയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തില്‍  പരിശോധന  നടത്തും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. ചീഫ് വെറ്ററനറി ഓഫീസറുടെ നേതൃത്വത്തില്‍ എലഫെന്റ് സ്‌ക്വാഡും പ്രവർത്തിക്കും. 
ക്ഷേത്രവും പരിസരവും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളെയും നിയോഗിക്കുമെന്ന് നഗരസഭ അറിയിച്ചു. ജൈവ മാലിന്യ സംസ്കരണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
 
വഴിയോര കച്ചവടത്തിന് അനുമതി നൽകുമ്പോൾ വൈദ്യുതിത്തൂണുകൾ കടകൾക്കുള്ളിൽ വരാത്ത വിധം നൽകണമെന്ന കെ.എസ്.ഇ.ബിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു. 
വൈക്കം കായലോര ബീച്ചില്‍ ബാരിക്കേഡ് സംവിധാനം ഉണ്ടാവും.  ജലഗതാഗതവകുപ്പ് സ്‌പെഷല്‍ സര്‍വീസ് ഉള്‍പ്പെടെ ഏർപ്പെടുത്തും. ആള്‍ത്തിരക്ക് പരിഗണിച്ച് തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. 
കെ.എസ്.ആര്‍.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് അധിക സര്‍വീസുകള്‍ നടത്തും. 15 ബസുകള്‍ ഇതിനായി തയാറാക്കും.  നഗരത്തില്‍ ഇ-ടോയ്ലറ്റ് സംവിധാനം ഒരുക്കും. സ്വകാര്യ ബസുകൾക്ക്  പാര്‍ക്കിംഗ് സംവിധാനമൊരുക്കണമെന്ന ആവശ്യവും പരിഗണിക്കും. 
താലൂക്ക് ആശുപത്രിയിലേക്കുള്ള റോഡ് അടിയന്തരമായി നന്നാക്കും. ആശുപത്രി, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും.

യോഗത്തിൽ സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,  നഗരസഭ അധ്യക്ഷ പ്രീത രാജേഷ് വൈസ് ചെയർമാൻ പി ടി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി,പാലാ ആർ.ഡി.ഒയുടെ ചുമതല വഹിക്കുന്ന എം. അമൽ മഹേശ്വർ, അഡീഷണൽ എസ്.പി. വിനോദ് പിള്ള, വൈക്കം ഡിവൈ.എസ്.പി . സിബിച്ചൻ ജോസഫ്, തഹസീൽദാർ എ. എൻ. ഗോപകുമാർ, നഗരസഭാംഗം  ഗിരിജ കുമാരി,  ദേവസ്വം കമ്മീഷണർ കെ. ആർ. ശ്രീലത, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ എം.ജി. മധു, അസിസ്റ്റന്റ് എൻജിനീയർ സി. ജെസ്‌ന,ഭക്ഷ്യ സുരക്ഷാ ഓഫീസർ നീതു രവികുമാർ,സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്സൺ തോമസ്,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.വി. നാരായണന്‍ നായര്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K