19 August, 2024 04:29:58 PM


ശരണ്യ സ്വയം തൊഴിൽപദ്ധതി: 49 അപേക്ഷകൾക്ക് അംഗീകാരം നൽകി



കോട്ടയം: അശരണരായ വനിതകൾക്കു എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യസ്വയം തൊഴിൽ പദ്ധതിയിൽ 49 അപേക്ഷകൾക്ക് ജില്ലാതല കമ്മിറ്റി യോഗം അംഗീകാരം നൽകി. കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി ലഭിച്ച 63 അപേക്ഷകളാണ് യോഗത്തിന്റെ പരിഗണനയ്‌ക്കെത്തിയത്്. പശുവളർത്തൽ, വസ്ത്രനിർമാണം, ഹോട്ടൽ, തട്ടുകട, ക്ലീനിങ് ഉൽപന്നങ്ങൾ, തയ്യൽയൂണിറ്റ്, എൽ.ഇ.ഡി. ഉൽപാദനം, സ്‌റ്റേഷനറി കട, ചായക്കട, കൂൺ കൃഷി, ഇറച്ചിക്കോഴിവളർത്തൽ, പലചരക്ക് കട, അച്ചാർ യൂണിറ്റ്, പലഹാരക്കട, ബേക്കറി തുടങ്ങിയ സംരംഭങ്ങൾക്കാണ് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളത്.
 
എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വിധവകൾ, വിവാഹ മോചനം നേടിയ സ്ത്രീകൾ, ഭർത്താവ് ഉപേക്ഷിക്കുകയോ/ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ്സ് കഴിഞ്ഞ അവിവാഹിതകൾ, പട്ടിക വർഗ്ഗത്തിലെ അവിവാഹിതരായ അമ്മമാർ, ഭിന്നശേഷിക്കാരായ വനിതകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കന്മാരുള്ള വനിതകൾ എന്നീ അശരണരായ വനിതകൾക്കായി എംപ്ലോയ്‌മെന്റ് വകുപ്പ് നേരിട്ട് നടത്തുന്നതാണ് ശരണ്യ സ്വയം തൊഴിൽ പദ്ധതി.

പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. പദ്ധതി പരിശോധിച്ച് ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഒരു ലക്ഷം രൂപ വരെ അനുവദിക്കും. വായ്പാ തുകയുടെ 50%,  പരമാവധി 25,000 രൂപ വരെ സബ്സിഡിയായി അനുവദിക്കും. സംരംഭം നല്ല രീതിയിൽ നടത്തുന്നവർക്കു ആദ്യ വായ്പയുടെ 50 ശതമാനമെങ്കിലും തിരിച്ചടച്ചിട്ടുണ്ടെങ്കിൽ സംരംഭം വിപുലീകരിക്കാൻ ആദ്യ വായ്പാതുകയുടെ 80 ശതമാനത്തിൽ കവിയാത്ത തുക തുടർവായ്പയായി കുറഞ്ഞ പലിശനിരക്കിൽ അനുവദിക്കും. ബിരുദധാരികളായ വനിതകൾ, പ്രൊഫഷണൽ/സാങ്കേതിക യോഗ്യതയുള്ളവർ/സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികൾക്ക് നൽകുന്ന പ്രവൃത്തി കാര്യക്ഷമത സർട്ടിഫിക്കറ്റുള്ളവർ, ഐ.ടി.ഐ./ഐ.ടി.സികളിൽനിന്നു വിവിധ ട്രേഡുകളിൽ പരിശീലന സർട്ടിഫിക്കറ്റുള്ളവർ എന്നിവർക്കു മുൻഗണന ലഭിക്കും. പദ്ധതിയിലൂടെ വായ്പ ലഭിക്കുന്നവർക്ക് തൊഴിൽരഹിത വേതനം തുടർന്നു ലഭിക്കില്ല. അതേസമയം സംരംഭവും വായ്പാതിരിച്ചടവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നവരെ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള താൽക്കാലികവും സ്ഥിരവുമായ ഒഴിവുകൾക്കു പരിഗണിക്കും.

കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ ചേർന്ന ശരണ്യജില്ലാ കമ്മിറ്റി യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസർ ജി. സജയൻ, ഏറ്റുമാനൂർ ഗവ. ഐ.ടി.ഐ. പ്രിൻസിപ്പൽ കെ. സന്തോഷ്‌കുമാർ , അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു, ജില്ലാ വ്യവസായകേന്ദ്രം പ്രതിനിധി എം. അരുൺരാജ്, കുടുംബശ്രീ പ്രതിനിധി ജിത എ. നായർ എന്നിവർ പങ്കെടുത്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K