27 July, 2024 11:56:16 AM
കണ്ണൂരിൽ നിന്ന് അക്ഷര നഗരിയിൽ എത്തി ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് കേരളത്തിന്‍റെ അഭിമാനം- ഫാ ജയിംസ് മുല്ലശ്ശേരി

കോട്ടയം: കണ്ണൂരില്‍നിന്ന് കോട്ടയത്തെത്തി മാന്നാനം കെഇ സ്കൂളില്‍ ചേർന്ന് പ്ലസ് ടു പഠിച്ച് എൻട്രൻസ് പരിശീലനം നടത്തി ഓള്‍ ഇന്ത്യ മെഡിക്കല്‍ എൻട്രൻസ് പരീക്ഷയില്‍ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമില്‍ കേരളത്തിന്‍റെ അഭിമാനമാണെന്ന് കെഇ സ്കൂള്‍ പ്രിൻസിപ്പല്‍ ഫാ.ജയിംസ് മുല്ലശേരി പറഞ്ഞു.
ശ്രീനന്ദ് തുടർച്ചയായ വിജയങ്ങള്‍ നേടിയിരുന്ന കുട്ടിയാണ്. സ്കൂളില്‍ മോഡല്‍ എക്സാമുകള്‍ക്കും ബോർഡ് എക്സാമിലും എല്ലാ പരീക്ഷകളിലും നല്ലവിജയം നേടിയെടുത്തിരുന്നു. കഠിനാധ്വാനത്തിലൂടെ നടത്തിയ പരിശ്രമമാണ് ശ്രീനന്ദിനെ വിജയത്തിലെത്തിച്ചത്.
കെഇ സ്കൂളില്‍നിന്ന് പത്തു കുട്ടികള്‍ 720ല്‍ 700നു മുകളില്‍ മാർക്ക് നേടിയിട്ടുണ്ട്. വളരെയേറെ ബുദ്ധിമുട്ടി, കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തു പഠിച്ച കുട്ടികളാണ് ഇവരെല്ലാം. മികച്ച വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു.