05 July, 2024 05:59:35 PM


എം.ജി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ എംബിഎ, എംകോം; ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ  എംബിഎ, എം.കോം ഓണ്‍ലൈന്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി പരിഗണിക്കുന്ന റെഗുലര്‍ ഡിഗ്രിക്ക് തുല്യമായ പ്രോഗ്രാമുകളാണിവ. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാം.

രജിസ്ട്രേഷന്‍ മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈനിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല.  പ്രവേശനത്തിന് പ്രായ പരിധിയോ പരീക്ഷയോ ഇല്ല.  വിദ്യാര്‍ഥികളുടെ സൗകര്യവും സമയക്രമവും അനുസരിച്ച് പഠിക്കാനാകും എന്നതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ മറ്റൊരു സവിശേഷത . 

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ അന്‍പതു ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് എംബിഎക്ക് അപേക്ഷിക്കാം. നാലു സെമസ്റ്ററുകളിലായി നടത്തുന്ന  പ്രോഗ്രാമിന് ഓരോ സെമസ്റ്ററിനും 25000 രൂപയാണ് ഫീസ്. 

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദമോ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് ഓണ്‍ലൈന്‍ എം.കോമിന് അപേക്ഷിക്കാം. നാലു സെമസ്റ്ററുകളുള്ള പ്രോഗ്രാമിന് സെമസ്റ്ററിന് 20000 രൂപയാണ് ഫീസ്.

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ഒഇസി, എസ്ഇബിസി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും സര്‍വകലാശാലാ നിയമപ്രകാരമുള്ള മാര്‍ക്കിളവ് ലഭിക്കും.  പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസില്‍ 20 ശതമാനം ഇളവുണ്ട്. 

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍(cdoe.mgu.ac.in)ഫോണ്‍-0481 2733293, 8547992325, 8547852326, 8547010451.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K