01 July, 2024 08:37:29 AM
4 വർഷ ബിരുദ കോഴ്സുകൾ ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം.
ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തെരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന കടുത്ത ആശങ്ക വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിക്കുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.