03 June, 2024 01:36:42 PM


ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു



കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു (80) അന്തരിച്ചു. കേരളത്തിലെ സമാന്തര ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ചെലവൂര്‍ വേണു. ലോക സിനിമയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ചെലവൂര്‍ വേണു സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്.


എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചന്ദ്രിക വാരികയില്‍ 'ഉമ്മ' എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയാണ് തുടക്കം. പില്‍ക്കാലത്ത് കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകരില്‍ ഒരാളായി മാറി. 1971 മുതല്‍ കോഴിക്കോട്ടെ 'അശ്വിനി ഫിലിം സൊസൈറ്റി'യുടെ ജനറല്‍ സെക്രട്ടറിയാണ്. കേരളത്തിലുടനീളമുള്ള ഫിലിം സൊസൈറ്റികള്‍ക്ക് ദിശാപരമായ നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ചെലവൂര്‍ വേണു. സൈക്കോ എന്ന പേരില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഇറങ്ങിയ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ചെലവൂര്‍ വേണുവിന്റെ ചലച്ചിത്ര ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 'ചെലവൂര്‍ വേണു ജീവിതം, കാലം' എന്ന ഡോക്യുമെന്ററി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളവും ചലച്ചിത്ര അക്കാദമിയും സംയുക്തമായി നിര്‍മിച്ചിട്ടുണ്ട്. ജയന്‍ മാങ്ങാട് ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വഹിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K