30 May, 2024 04:51:36 PM
ഓണേഴ്സ് ബിരുദം വിദ്യാർഥികളെ അറിവുത്പാദകരാക്കും-മന്ത്രി ഡോ. ആർ. ബിന്ദു
കോട്ടയം :അറിവുകൾ സ്വീകരിക്കുന്നതിനപ്പുറം വിദ്യാർഥികളെ അറിവ് ഉത്പാദിപ്പിക്കുന്നവരാക്കി മാറ്റുന്ന സംവിധാനമാണ് ജൂലൈ ഒന്നിന് സംസ്ഥാനത്ത് ആരംഭിക്കുന്ന ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി അഫിലിയേറ്റഡ് കോളജുകളിലെ പ്രിൻസിപ്പൽമാരുമായും നോഡൽ ഓഫീസർമാരുമായും കോട്ടയം ബി.സി.എം കോളജിൽ സംവദിക്കുകയായിരുന്നു മന്ത്രി.
രാജ്യാന്തര തലത്തിലെ വിഖ്യാത സർവകലാശാലകളുടെ നിലവാരത്തിലേക്ക് കേരളത്തിലെ ബിരുദ പഠനത്തെ ഉയർത്തുന്നതിനു കൂടി ലക്ഷ്യമിട്ടാണ് പുതിയ പ്രോഗാമുകൾ നടപ്പാക്കുന്നത്. ഇതിനായി കോളജുകളിൽ വിദ്യാർഥി കേന്ദ്രീകൃത സംവിധാനം ഉറപ്പാക്കണം. വിദ്യാർഥികൾക്കു മുന്നിൽ അനവധി സാധ്യതകൾ അവതരിപ്പിച്ച് അവർക്ക് തിരഞ്ഞെടുപ്പിന് അവസരം നൽകുന്ന സംവിധാനം ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് അധ്യാപകരുടെ പങ്ക് വലുതാണ്.
പഠനത്തിനൊപ്പം നൂതന ആശയങ്ങൾ വികസിപ്പിക്കുന്നതിനും അവ സംരംഭങ്ങളായി വളർത്തുന്നതിനും സഹായകമായ സാഹചര്യമുണ്ടാകണം. നൈപുണ്യ വികസനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ സർക്കാർ എം പാനൽ ചെയ്ത ഏജൻസികളുടെ സേവനം കോളജുകൾക്ക് ലഭിക്കും. ആദ്യ ഘട്ടത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിഹരിക്കുന്നതിന് സർവകലാശാലാ തലത്തിലും കോളജ് തലത്തിലും സംവിധാനം വേണം. അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ക്രമീകരണം സുഗമമാക്കുന്നതിന് ഏകീകൃത സോഫ്റ്റ്വെയർ ഏർപ്പെടുത്തും.
നാലാം വർഷം പൂർത്തിയാക്കി ബിരുദാനന്തര ബിരുദ കോഴ്സിന് പോകുന്ന വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടമാകാത്ത രീതിയിലായിരിക്കും ക്രമീകരണം. പുതിയ സംവിധാനത്തിൽ അധ്യാപകർക്ക് തൊഴിൽ പരമായ പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്ക വേണ്ട. പുതിയ കോഴ്സുകൾ അവതരിപ്പിക്കുന്നതിനുൾപ്പെടെയുള്ള സാധ്യതകളാണ് ഭാഷാ അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്നത്-മന്ത്രി വ്യക്തമാക്കി.
സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ഡോ. ബീന മാത്യു അധ്യക്ഷത വഹിച്ചു. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ നിർവഹണ കമ്മിറ്റിയുടെ കൺവീനറായ സിൻഡിക്കേറ്റ് അംഗം ഡോ. ബിജു പുഷ്പൻ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സർവകലാശാലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണൻ, ഡോ. എസ്. ഷാജില ബീവി, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ, പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ബി.സി.എം. കോളജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ് എന്നിവർ സംസാരിച്ചു.
കേരള ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെല്ലിലെ റിസർച്ച് ഓഫീസർമാരായ ഡോ. കെ. സുധീന്ദ്രൻ, ഡോ. വി. ഷഫീഖ് എന്നിവർ ക്ലാസെടുത്തു.