09 March, 2024 06:25:12 PM


ഓൺലൈൻ ലോൺ തട്ടിപ്പ് : വീട്ടമ്മയിൽ നിന്നും 2 ലക്ഷം തട്ടിയ കേസിൽ യുവാക്കൾ അറസ്റ്റിൽ

 

ഈരാറ്റുപേട്ട: ഓൺലൈൻ ബാങ്ക് ലോൺ എന്ന വ്യാജന വീട്ടമ്മയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടിൽ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും പേഴ്സണൽ ലോൺ തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് 200000 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.

വീട്ടമ്മ തന്റെ ഫേസ്ബുക്കിൽ സ്വകാര്യ  ബാങ്കിന്റെ രണ്ട് ലക്ഷം രൂപ  പേഴ്സണൽ ലോണിന്റെ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് ലോണിന് അപേക്ഷിക്കുകയായിരുന്നു. അപേക്ഷ സമര്‍പ്പിച്ചതിനെ തുടർന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണം എന്നുപറഞ്ഞ് ഇവരിൽ നിന്നും ലോണിന്റെ ഈടായും,പെനാൽറ്റിയായും മറ്റും 200000 രൂപ പല തവണയായി വാങ്ങിയെടുക്കുകയും തുടർന്ന് ഇവര്‍ വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ വീട്ടമ്മ പോലീസിൽ പരാതി നൽകുകയുമായിരുന്നു. 

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനോടുവിൽ  ഇവരെ ഇരുവരെയും പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ സുബ്രഹ്മണ്യൻ പി.എസ്, എസ്.ഐ ജിബിൻ തോമസ്, സി.പി.ഓ മാരായ രമേശ് എ.സി, അനീഷ് കെ.സി, ജോബി ജോസഫ്, അനീഷ് കുമാർ ടി.സി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K