22 February, 2024 07:14:10 PM


വിദ്യാർഥികളുടെ നൂതനാശയങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകും- മന്ത്രി ആർ. ബിന്ദു



കോട്ടയം: വിദ്യാർഥികൾ ഒരാശയം മുന്നോട്ടുവച്ചാൽ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിൽ 4.65 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

എല്ലാ പോളിടെക്‌നിക് കോളജുകളിലും യങ് ഇന്നവേറ്റേഴ്‌സ് ക്ലബ് രൂപീകരിക്കാൻ സാങ്കേതികവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ കാമ്പസുകളിലും യങ് ഇന്നവേറ്റേഴ്‌സ് സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പ്. ഇതിലൂടെ നാടിനാവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനാണ് ശ്രമം. ഇത്തരം സൗകര്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിനാവശ്യമായ സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ വിദ്യാർഥികൾ ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു.  

 പുതിയ കാലവും ലോകവും സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുന്നുന്നതിന് വിദ്യാർഥികളെ സജ്ജരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ആറുവർഷം കൊണ്ട് 6000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസമേഖലയിൽ അടിസ്ഥാനസൗകര്യവികസനത്തിനായി സർക്കാർ മുടക്കിയത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള നൈപുണ്യവിടവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ തൊഴിൽ പരിചയം നേടാനായി നടപ്പാക്കിയ ഏൺ വൈൽ യു ലേൺ പദ്ധതി വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

4.65 കോടി രൂപ മുടക്കി 1475.55 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ മൂന്നുനിലകളോടു  കൂടിയ കെട്ടിടമാണ് പണി തീർത്തത്. താഴത്തെ നിലയിൽ കെമിസ്ട്രി ലാബ്, ഫിസിക്‌സ് ലാബ്, എൻവിയോൺമെന്റൽ ലാബ് എന്നിവയും ഒന്നാം നിലയിൽ പോളിമർ ലാബ്, മലയാളം ടൈപ്പിംഗ് ലാബ്, ഇംഗ്ലീഷ് ടെപ്പിങ് ലാബ് എന്നിവയും രണ്ടാം നിലയിൽ പരീക്ഷാഹാളും സ്‌റ്റേജുമാണ് പുതിയ ലബോറട്ടറി ബ്‌ളോക്കിൽ ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കോട്ടയം നഗരസഭാംഗങ്ങളായ ദീപാമോൾ, എസ്. ജയ,  സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ.എം.രാമചന്ദ്രൻ, കോളജ് പ്രിൻസിപ്പൽ ഷാജൻ ജേക്കബ്, പി.ടി.എ.വൈസ്പ്രസിഡന്റ് എൻ.ഡി.ബാലകൃഷ്ണൻ, അലുമ്‌നി അസോസിയേഷൻ അംഗം പി.പ്രവീൺകുമാർ, കോളജ് യൂണിയൻ ചെയർമാൻ എസ്.സന്ദീപ് തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K