18 January, 2024 03:16:17 PM


സുരേഷ് ഗോപിയോ മുഖ്യമന്ത്രിയോ എത്തണം; ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ടവറില്‍ നിന്ന് താഴെ ഇറക്കി



കിടങ്ങൂര്‍:  വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ താഴെ ഇറക്കി. മണിക്കൂറുകള്‍ നേരം ടവറിന്‍റെ മുകളില്‍ കയറിയിരുന്ന യുവാവിനെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും മറ്റ് ജനപ്രതിനിധികളും ചേർന്നാണ്  അനുനയിപ്പിച്ച്‌ താഴെയിറക്കിയത്.

ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നിരവധി ആവശ്യങ്ങള്‍ മുഴക്കിയാണ് യുവാവ് ടവറില്‍ കയറി ആത്മഹത്യാഭീഷണി നടത്തിയത്. സുരേഷ് ഗോപിയോ മുഖ്യമന്ത്രിയോ  സ്ഥലത്ത് എത്തിയാല്‍ മാത്രമെ താഴെയിറങ്ങുകയുള്ളുവെന്നായിരുന്നു പ്രദീപ് ആദ്യം പറഞ്ഞത്. തനിക്ക് സ്വന്തമായി ഒരുവീടില്ലെന്നും നിരവധി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇയാള്‍ ടവറിന്റെ മുകളില്‍ നിന്നും വിളിച്ചുപറഞ്ഞിരുന്നു.

രാവിലെ ആറ് മണിയോടെയാണ് ഇയാള്‍ ടവറില്‍ കയറിയതെന്നാണ് സൂചന. എട്ടുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവിടെയെത്തിയ കിടങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു.

താങ്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ജനപ്രതിനിധികള്‍ ഉറപ്പുനല്‍കുകയും ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്തിന് സമീപ പഞ്ചായത്തിലെ താമസക്കാരനാണ് പ്രദീപ്. ആ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച്‌ മാര്‍ച്ചിനുള്ളില്‍ വീട് വയ്ക്കാനുള്ള അവസരം ഉണ്ടാക്കും. ഇല്ലെങ്കില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ വീട് വച്ച്‌ നല്‍കാമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് പ്രദീപ് ടവറില്‍ നിന്ന് ഇറങ്ങിയത്. പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K