03 January, 2024 11:58:31 AM
മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലാ: വള്ളിച്ചിറ ഭാഗത്ത് മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനായാണ് സുനിലും സുഹൃത്തുക്കളും എത്തിയത്. മീൻ പിടിക്കുന്നതിനിടെ സുനിൽ കുമാറിന് ഷോക്ക് ഏൽക്കുകയായിരുന്നു എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ സംഭവം പാലാ പൊലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ഉപയോഗിച്ച് ആറ്റിൽ നിന്നും മീൻ പിടിക്കുമ്പോൾ ഷോക്കേറ്റാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു.