27 December, 2023 04:42:33 PM
സാമൂഹ്യ പ്രസക്തിയുള്ള ഗവേഷണ പദ്ധതികൾക്ക് മുൻഗണന- എം.ജി വൈസ് ചാൻസലർ
അസ്താന: മഹാത്മാ ഗാന്ധി സർവകലാശാലയും എം. ഔസോവ് സൗത്ത് കസാഖ്സ്ഥാൻ സർവകലാശാലയും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളിൽ സംയുക്ത ഗവേഷണ പദ്ധതികൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജലശുദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് പരിഗണനയിൽ. ഇതിന് കസാഖ്സ്ഥാനിലെ ഫണ്ടിംഗ് ഏജൻസികളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംയുക്ത ഡിഗ്രി പ്രോഗ്രാമുകൾ നടത്തുന്നതിനും സർവകലാശാലാ അധികൃതർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കസാഖ്സ്ഥാനിൽ സന്ദർശനം നടത്തുന്ന ഡോ. അരവിന്ദകുമാർ അറിയിച്ചു. വിവിധ തലങ്ങളിൽ സഹകരിക്കുന്നതിന് സർവകലാശാലകൾ തമ്മിൽ അടുത്തയിടെ ധാരണാപത്രം ഒപ്പുവച്ചിരുന്നു.കസാഖ്സ്ഥാനിലെ മറ്റു സർവകലാശാലകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ ക്ഷണം എം.ജി സർവകലാശാലയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഗവേഷണ പദ്ധതികൾക്കു പുറമെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മികവ് ഉയർത്താൻ ഉപകരിക്കുന്ന എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകൾ, സംയുക്ത റിസർച്ച് ലാബോറട്ടറികൾ, രാജ്യാന്തര കോൺഫറൻസുകൾ, സെമിനറുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയും ഇരു സർവകലാശാലകളും ലക്ഷ്യമിടുന്നു.