13 December, 2023 07:00:21 PM


ഉരുളികുന്നം-ഞണ്ടുപാറ റോഡിന് ശാപമോക്ഷമാകുന്നു



പൈക: എലിക്കുളം പഞ്ചായത്ത് 1,16 വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്നതും വര്‍ഷങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്നതുമായ ഉരുളികുന്നം-ഞണ്ടുപാറ റോഡ് ഗതാഗതയോഗ്യമാകുന്നു. ജില്ലാ പഞ്ചായത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഞണ്ടുപാറപള്ളി, സ്‌കൂള്‍, പോസ്റ്റ് ഓഫീസ്, അംഗന്‍വാടി തുടങ്ങിയ പൊതുസ്ഥാപനങ്ങളിലേക്ക് ദിവസവും നൂറുക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്നതാണ് ഈ റോഡ്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ കാല്‍നടയാത്രപോലും അസാധ്യമായ അവസ്ഥയില്‍ ആയിരുന്നു. റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. 

യോഗത്തില്‍ ഉരുളികുന്നം പള്ളി വികാരി ഫാ. തോമസ് വാലുമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ജീരകത്ത്, യമുന പ്രസാദ്, സിനി ജോയി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചന്‍ കൂറ്റനാല്‍, തോമ്മാച്ചന്‍ പാലക്കുടി, സണ്ണി പാലയ്ക്കല്‍, മാത്തുക്കുട്ടി കാഞ്ഞമല, സോബി കാഞ്ഞമല, ഡിന്റോ മടുക്കാവില്‍, വര്‍ക്കിച്ചന്‍ മുളയ്ക്കല്‍, വര്‍ക്കി പടിഞ്ഞാറേമുറി എന്നിവര്‍ പ്രസംഗിച്ചു. 

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മാണം നടത്തുന്ന ഉരുളികുന്നം-ഞണ്ടുപാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K