13 December, 2023 06:45:51 PM
സഹായം അര്‍ഹിക്കുന്നവരില്‍ ഈശ്വരനെ ദര്‍ശിക്കണം- സ്വാമി വിശുദ്ധാനന്ദ

മറ്റക്കര: ഭവനനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം അര്‍ഹിക്കുന്നവരില്‍ ഈശ്വരനെ ദര്‍ശിക്കുവാന്‍ നമുക്ക് സാധിക്കണമെന്ന് മറ്റക്കര ശ്രീരാമകൃഷ്ണ ആശ്രമമഠാധിപതി സ്വാമി വിശുദ്ധാനന്ദ അഭിപ്രായപ്പെട്ടു. പരോപകാരപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും കണ്ണിയാകുകയും ചെയ്യുന്നത് ഈശ്വരചൈതന്യത്തിന്‍റെ നേര്‍സാക്ഷ്യമാണെന്നും സ്‌നേഹദീപം ഭവനപദ്ധതി ഈശ്വരചൈതന്യത്തില്‍ രൂപംകൊണ്ട മാതൃകാപദ്ധതിയാണെന്നും സ്വാമി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുപ്പത്തിയേഴാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം അകലക്കുന്നം പഞ്ചായത്തിലെ നെല്ലിക്കുന്നില്‍ നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി വിശുദ്ധാനന്ദ.
കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന സ്‌നേഹദീപം പദ്ധതിയിലെ ഈ സ്‌നേഹവീട് അകലക്കുന്നം പഞ്ചായത്തിലെ രണ്ടാം സ്‌നേഹഭവനമാണ്. കെഴുവംകുളം എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ 1990-91 എസ്.എസ്.എല്‍.സി. ബാച്ചുകാരാണ് ഈ വീടിന്റെ തറയുടെ നിര്‍മ്മാണത്തിനുള്ള ചെലവ് വഹിക്കുന്നത്. യോഗത്തില്‍ മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.സി. ലിസി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍ മാനേജര്‍ റവ.സി. മോളി അഗസ്റ്റിന്‍, സ്‌നേഹദീപം ഭവനപദ്ധതി ഭാരവാഹികളായ ഫിലിപ്പ് വെള്ളാപ്പള്ളി, ടോമിച്ചന്‍ പിരിയംമാക്കല്‍, ബെന്നി കോട്ടേപ്പള്ളി, വി. സുധീര്‍, എം.എസ്. വിജയന്‍ മുല്ലൂര്‍, ജോജി ആലയ്ക്കല്‍, സാജു വെള്ളാപ്പാട്ട്, വര്‍ക്കി ആലയ്ക്കാമുറി, മനോജ് താന്നിക്കത്തടം, സുനില്‍ മറ്റത്തില്‍, തങ്കച്ചന്‍ തോലാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള മുപ്പത്തിയേഴാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം മറ്റക്കര ശ്രീരാമകൃഷ്ണ ആശ്രമമഠാധിപതി സ്വാമി വിശുദ്ധാനന്ദ നിര്‍വ്വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, മേരിമൗണ്ട് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.സി. ലിസി സെബാസ്റ്റ്യന്‍ എന്നിവര്‍ സമീപം.