11 December, 2023 02:43:56 PM
നവകേരള സദസ് ബോർഡിൽ കരിഓയിൽ ഒഴിച്ചത് മുമ്പ് ബോംബ് ഭീഷണി മുഴക്കിയയാൾ

പാലാ: പാലയിൽ നവകേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പിടിയിലായത്. കരിഓയിൽ ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
നവകേരള സദസിനു വേണ്ടി വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരിഓയില്‍ ഒഴിച്ചത്. ഇതിനു മുൻപും ഇവിടെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ പേരില്‍ സിപിഎം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാളെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതി എന്ന പേരിലായിരുന്നു അറസ്റ്റ്.