23 November, 2023 06:22:33 PM
SACE 2023: ശാസ്ത്ര, കലാ, സാംസ്‌കാരിക മേളയ്ക്ക് മാന്നാനം കെ.ഇ.സ്കൂളില്‍ തുടക്കം
കോട്ടയം : മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒരുക്കുന്ന ശാസ്ത്ര, കലാ, സാംസ്‌കാരിക മേളയുടെ പ്രദര്‍ശനം SACE 2023 ന് തുടക്കം കുറിച്ചു. കെ.ഇ. സ്‌കൂള്‍ അങ്കണത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും ഡയറക്ടറുമായ ഫാ. ജെയിംസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊച്ചി നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിലെ സീനിയര്‍ ശാസ്ത്രജ്ഞനായ സൂരജ് കെ.അമ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സി.എം.ഐ. തിരുവനന്തപുരം പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ആന്‍റണി ഇളന്തോട്ടം, തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ. യിലെ ശാസ്ത്രജ്ഞരായ ഷിജു പി. നായര്‍, റിയാസ്, കെ.ഇ. സ്‌കൂള്‍ ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷൈജു സേവ്യര്‍, പി.ടി.എ. പ്രസിഡന്‍റ് അഡ്വ. ജയ്‌സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ആരംഭിച്ച പ്രദര്‍ശനം നവംബര്‍ 25ന് സമാപിക്കും.
കേരള നവോത്ഥാന ചരിത്രത്തിലെ ആദി പഥികരില്‍ അഗ്രഗണ്യനായ വിശുദ്ധ ചാവറപ്പിതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്‍റെ 9-ാം വാര്‍ഷികദിനത്തിലാണ് മേള ആരംഭിച്ചത്. മേളയുടെ പ്രവേശന കവാടമായി കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്‍ ജനിച്ചുവീണ വീടിന്‍റെ മാതൃക അതേരീതിയില്‍ തന്നെ ഇവിടെ നിര്‍മ്മിച്ചിരിക്കുകയാണ്. ഈ വീടിനുള്ളിലൂടെ കടക്കുമ്പോള്‍ ചാവറയച്ചന്‍റെ ജീവചരിത്രം പ്രതിപാദിക്കുന്നതാണ് ആദ്യത്തെ സ്റ്റോള്‍. അവിടെനിന്ന് കുട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഗുഹയിലൂടെ കടന്ന് മറ്റു പ്രദര്‍ശന സ്റ്റോളുകളിലേയ്ക്ക് കടക്കുന്നു.
കൊച്ചുകുട്ടികളുടെ കരവിരുതും, ശാസ്ത്ര സാങ്കേതിക മികവും വിളിച്ചോതുന്ന നിരവധി പ്രദര്‍ശന ശാലകളോടൊപ്പം, ചന്ദ്രയാന്‍ - 3, സംസാരിക്കുന്ന യന്ത്രമനുഷ്യന്‍, തീപിടുത്തം വാതകചോര്‍ച്ച ഇവയില്‍ നിന്നും സംരക്ഷിക്കുന്നതിന് മുന്നറിയിറിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ എന്നിവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ചരിത്ര, ഭൂമിശാസ്ത്ര വിഭാഗങ്ങളില്‍ ഒട്ടനവധി ആകര്‍ഷകമായ മാതൃകകള്‍, ഭാഷാവിഭാഗങ്ങളില്‍ ഓരോ ഭാഷയുടെയും സംസ്‌കാരം, സാഹിത്യം, വ്യാകരണം, ചരിത്രം എന്നിവയുടെ അവതരണവും, ഇംഗ്ലീഷ് വിഭാഗത്തില്‍ വിശ്വവിഖ്യാതനായ വില്യം ഷേക്‌സ്പിയറിന്‍റെ മക്‌ബെത്തിലെ സീനുകളും കാണാന്‍ സാധിക്കും.
വിവിധ എഞ്ചിനീയറിംഗ് കോളേജുകളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശന ശാലകളില്‍ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയുടെ ആവിഷ്‌കാരവും, നിത്യോപയോഗവും കണ്ടു മനസ്സിലാക്കുവാന്‍ സാധിയ്ക്കും. തടിയില്‍ തീര്‍ത്ത വിവിധ ശില്‍പങ്ങളും, 18 അടി നീളമുള്ള ലോകത്തിലെ ഏറ്റവും വലിയ ജപമാല, സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്ലാനറ്റോറിയം, തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ. യുടെ വിവിധതരം റോക്കറ്റുകളുടെ മാതൃകകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്.
24, 25 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെ സ്റ്റാളുകള്‍ കാണുവാന്‍ അവസരമുണ്ട്. കുട്ടികളുടെ ബുദ്ധിസാമര്‍ത്ഥ്യം, സര്‍ഗ്ഗാത്മകത, പാരമ്പര്യം, സംസ്‌കാരം എന്നിവയുടെ സംയോജന പ്രദര്‍ശനമായ SACE 2023 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജെയിംസ് മുല്ലശ്ശേരി അറിയിച്ചു. പ്രദര്‍ശനം സൗജന്യമാണ്.