21 November, 2023 06:52:27 PM
ശാസ്ത്ര, കലാ, സാംസ്‌കാരിക മേള: പ്രദര്‍ശനം 23 മുതല്‍ മാന്നാനം കെ.ഇ സ്കൂളില്‍
കോട്ടയം : കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഒരുക്കുന്ന ശാസ്ത്ര, കലാ, സാംസ്‌കാരിക മേളയുടെ പ്രദര്‍ശനം SACE 2023 നവംബര്‍ 23, 24, 25 തീയതികളില്‍. കെ.ഇ. സ്‌കൂളിലെ കുട്ടികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ മേളയില്‍ മറ്റു പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നുള്ള കുട്ടികളും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതു കൂടാതെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എം.ജി. യൂണിവേഴ്‌സിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍റ്സ്, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം, മറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റുകള്‍, ഓക്‌സിജന്‍ പ്ലേ ഏരിയ, ബഡ്‌സ് സ്‌കൂള്‍, റോബോട്ടിക്‌സ്, സൈക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പ്രദര്‍ശനങ്ങളും നടക്കും.
ഐ.എസ്.ആര്‍.ഒ., സ്‌കൈവാച്ച്, വ്യത്യസ്ത തരം ടെലിസ്‌കോപ്പുകള്‍, പ്ലാനറ്റോറിയം മുതലായവ കൂടാതെ കേരളത്തിലുടനീളമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകളും മേളയില്‍ പങ്കെടുക്കുന്നു. കുട്ടികളുടെ ശാസ്ത്ര, സാങ്കേതിക, കലാ, സാംസ്‌കാരിക അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദര്‍ശനം സ്‌കൂളില്‍ ഒരുക്കുന്നത്. കെ.ഇ. സ്‌കൂളിന്‍റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനും, കേരള നവോത്ഥാന ചരിത്രത്തിലെ ആദി പഥികരില്‍ അഗ്രഗണ്യനുമായ വിശുദ്ധ ചാവറപ്പിതാവിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്‍റെ 9-ാം വാര്‍ഷികദിനത്തിലാണ് ഈ പ്രദര്‍ശനം ആരംഭിക്കുന്നത്.
കൈനകരിയില്‍ വിശുദ്ധ ചാവറയച്ചന്‍ ജനിച്ചുവീണ വീടിന്‍റെ മാതൃക അതേരീതിയില്‍ തന്നെ ഇവിടെ നിര്‍മ്മിച്ചിരിക്കുകയാണ്. ഈ വീടിനുള്ളിലൂടെ കടന്ന് ചാവറയച്ചന്‍റെ ജീവചരിത്രം പ്രതിപാദിക്കുന്നതാണ് ആദ്യത്തെ സ്റ്റാള്‍. അവിടെനിന്ന് കുട്ടികള്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ഗുഹയിലൂടെ കടന്ന് മറ്റു പ്രദര്‍ശന സ്റ്റാളുകളിലേയ്ക്ക് കടക്കുന്നു. സയന്‍സ് വിഷയങ്ങളോടൊപ്പം, ഭാഷകളുടെ ഭംഗി പ്രകടമാക്കുന്ന തരത്തില്‍ വിശ്വവിഖ്യാതനായ വില്യം ഷേക്‌സ്പിയറിന്‍റെ മക്‌ബെത്തിലെ സീനുകളും, സിന്‍ഡര്‍ലയുടെ ആവിഷ്‌കാരവുമൊക്കെ പ്രദര്‍ശന സ്റ്റാളുകളില്‍ കാണുവാന്‍ സാധിക്കും. ഫുഡ് സ്റ്റോളുകളും ക്രമീകരിച്ചിട്ടുണ്ട്.
നവംബര്‍ 23-ാം തീയതി ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനത്തോടുകൂടി പ്രദര്‍ശനത്തിന് തുടക്കം കുറിക്കും. അതിനുശേഷം സ്റ്റാളുകള്‍ സന്ദര്‍ശകര്‍ക്കായി തുറക്കം. 24, 25 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണിവരെ സ്റ്റാളുകള്‍ കാണുവാന്‍ അവസരമുണ്ട്. SACE 2023 ല്‍ കുട്ടികളുടെ ബുദ്ധിസാമര്‍ഥ്യം, സര്‍ഗാത്മകത, പാരമ്പര്യം, സംസ്‌കാരം എന്നിവയുടെ സംയോജന പ്രദര്‍ശനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. അറിയിച്ചു. പ്രദര്‍ശനം സൗജന്യമാണ്.