23 September, 2023 06:41:17 PM


ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ പരിഷ്കാരങ്ങൾ സ്വാഗതാര്‍ഹം- ജസ്റ്റീസ് കൗസർ എടപ്പകത്ത്



കൊച്ചി: ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ പരിഷ്കാരങ്ങൾ ഒരു പരിധി വരെ സ്വാഗതാർഹമാണെന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കൗസർ എടപ്പകത്ത് അഭിപ്രായപ്പെട്ടു. ക്രിമിനൽ നിയമങ്ങളിലെ പരിഷ്കാരങ്ങളെ കുറിച്ച് കളമശ്ശേരി നുവാൽസിൽ നടക്കുന്ന ത്രിദിന ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ നിയമങ്ങളിലെ പല പ്രായോഗിക ബുദ്ധിമുട്ടുകളും പുതിയ പരിഷ്കാരങ്ങളോടെ പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം വധശിക്ഷ ഇല്ലാതാക്കാനുള്ള അവസരം പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ജീവപര്യന്തം തടവ് ശിക്ഷ ജീവിതാവസാനം വരെ എന്ന് പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുത്തിയ സ്ഥിതിക്ക് വധശിക്ഷക്ക് എതിരെ വിവിധ കോടതി ഉത്തരവുകൾ കണക്കിലെടുത്തു അതും കൂടി ഉൾപ്പെടുത്താവുന്ന കാര്യവും പരിഗണിക്കാമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.  ആക്ടിംഗ് വൈസ് ചാൻസലർ ജസ്റ്റീസ് (റിട്ട) സിരിജഗൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ ലീലാകൃഷ്ണൻ , പ്രൊഫ കെ ചന്ദ്രശേഖര പിള്ള, രജിസ്ട്രാർ ഡോ ലിന അക്ക മാത്യൂ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K