16 September, 2023 05:10:22 PM
സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിലെ രണ്ടു വിദ്യാർഥികൾക്ക് വിദേശ ഫെലോഷിപ്പ്
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിലെ രണ്ട് എം.ടെക് വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിലെ ഫെലോഷിപ്പ്. സത്യജിത്ത് ഷാജി ഓസ്‌ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വെസ്റ്റേൺ ഓസ്‌ട്രേലിയൻ സ്‌കൂൾ ഓഫ് മൈൻസിലും അലി അബൂബക്കർ അമേരിക്കയിലെ ബെർക്ക്‌ലി നാഷണൽ ലാബോറട്ടറിയിലുമാണ് അവസാന വർഷ ഇൻറേൺഷിപ്പിൻറെ ഭാഗമായി പഠനം നടത്തുക.
ഒരു വർഷത്തേക്ക് വിസിറ്റിംഗ് റിസർച്ച് അസിസ്റ്റൻറായി തിരഞ്ഞെടുക്കപ്പെട്ട സത്യജിത് ഷാജിക്ക് പ്രതിമാസം 1500 ഓസ്‌ട്രേലിയൻ ഡോളർ സ്‌കോളർഷിപ്പ് ലഭിക്കും. പ്രതിമാസം 2500 യുഎസ് ഡോളറാണ് സ്‌കോളർഷിപ്പായി അലി അബൂബക്കറിന് ലഭിക്കുക.
2020ൽ പ്രവർത്തനമാരംഭിച്ച സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൻറെ ഡയറക്ടർ മുൻ വൈസ് ചാൻസലർ പ്രഫ. സാബു തോമസാണ്. ബാറ്ററികൾ, സോളാർ സെല്ലുകൾ, ഇന്ധന സെല്ലുകൾ തുടങ്ങിയവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് ഉപകരിക്കുന്ന പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കാണ് ഇവിടെ മുൻഗണന നൽകുന്നത്. വിദഗ്ധരുടെ മേൽനോട്ടവും മികച്ച ഇൻസ്ട്രുമെൻറേഷൻ സംവിധാനങ്ങളുമുള്ള വകുപ്പിൽനിന്നും ഇതുവരെ 15 വിദ്യാർഥികൾ രാജ്യാന്തരതലത്തിൽ ഫെലോഷിപ്പുകൾ നേടിയിട്ടുണ്ടെന്ന് ജോയിൻറ് ഡയറക്ടർ അനിത സി. കുമാർ പറഞ്ഞു.