02 September, 2023 08:27:15 AM


വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ യുഡൈസ് പ്ലസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനുളള സമയം ഇന്ന് അവസാനിക്കും



ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്തെ പകുതിപോലും വിവരങ്ങള്‍ ചേര്‍ക്കുന്ന നടപടി പൂര്‍ത്തിയായില്ലന്ന് സൂചന. 

വിവരങ്ങള്‍ ചേര്‍ക്കാനുള്ള യുഡൈസ് പ്ലസ് പോര്‍ട്ടലില്‍ ചേര്‍ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ചുള്ള കേന്ദ്രത്തിന്‍റെ കത്ത് ജൂണ്‍ 26ന് ആണ് സംസ്ഥാനത്തിന് ലഭിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ആഗസ്റ്റ് 16നാണ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് സ്കൂള്‍തലത്തിലേക്ക് പോയത്. സ്കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ഡയറക്ടറുടെ നിര്‍ദേശം. പരീക്ഷ പൂര്‍ത്തിയായതോടെ സ്കൂളുകള്‍ ഓണാവധിക്കായി അടച്ചു. 

വിവരങ്ങള്‍ അടിയന്തരമായി വെബ്സൈറ്റില്‍ നല്‍കണമെന്ന നിര്‍ദേശം വന്നതോടെ അധ്യാപകര്‍ ഓണാവധിക്കിടയിലും വിവരങ്ങള്‍ ചേര്‍ക്കേണ്ട ജോലി ചെയ്യേണ്ടിവന്നു. കഴിഞ്ഞവര്‍ഷം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയവരുടെയും പ്രീപ്രൈമറി വിദ്യാര്‍ഥികളുടെയും വിവരശേഖരണവും അധ്യാപകരെ വലച്ചിട്ടുണ്ട്. ഇതോടെയാണ് വിവരം നല്‍കുന്നതില്‍ സംസ്ഥാനം പിറകിലായത്. 

വിവരങ്ങള്‍ സമര്‍പ്പിക്കാതിരിക്കുന്നത് കേന്ദ്രത്തിന്‍റെ ബജറ്റില്‍ സംസ്ഥാന വിഹിതത്തെയും സമഗ്രശിക്ഷ അഭിയാൻ, പി.എം.പി.വൈ തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ഇതിനുശേഷം കേന്ദ്രം നീട്ടിനല്‍കിയ സമയമാണ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് പൂര്‍ത്തിയാകുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K