15 July, 2023 12:14:05 PM
മറാത്തി നടന്‍ രവീന്ദ്ര മഹാജനി പൂനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ മരിച്ച നിലയില്‍
പൂനെ: പ്രശസ്ത മറാത്തി നടനും സംവിധായകനുമായ രവീന്ദ്ര മഹാജനിയെ (74) പൂനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൂനെയിലെ തലേഗാവ് ദബാഡെ പ്രദേശത്തെ ഫ്‌ലാറ്റില്‍ വാടകക്ക് താമസിക്കുകയായിരുന്നു രവീന്ദ്ര. ടെലിവിഷന്‍ താരം ഗഷ്മീര്‍ മഹാജനിയുടെ പിതാവ് കൂടിയാണ് രവീന്ദ്ര. പൂനെയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ രവീന്ദ്ര മരണം വരെ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ മുംബൈയില്‍ താമസിച്ചിരുന്ന മഹാജനി, കഴിഞ്ഞ എട്ട് മാസമായി തലേഗാവ് ദബാഡെയിലെ അംബിയിലെ എക്സ്ബിയ സൊസൈറ്റിയിലെ വാടക അപ്പാര്‍ട്ട്‌മെന്‍റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച, അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അകത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തലേഗാവ് എംഐഡിസി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മഹാജനിയുടെ മൃതദേഹം കണ്ടത്. മഹാജനി മരിച്ചിട്ട് രണ്ടു മൂന്നു ദിവസമായെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മഹാജനിയുടെ മരണത്തെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്താന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
70-80 കാലഘട്ടങ്ങളില്‍ മറാത്തി സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് രവീന്ദ്ര മഹാജനി.അദ്ദേഹത്തിന്‍റെ സുന്ദരമായ രൂപവും വ്യക്തിത്വവും കൊണ്ട് 'മറാത്തിയിലെ വിനോദ് ഖന്ന' എന്നാണ് മഹാജനിയെ വിശേഷിപ്പിച്ചിരുന്നത്. 'ദുനിയാ കാരി സലാം' (1979), 'മുംബൈ ചാ ഫൗസ്ദാര്‍' (1984), 'സൂഞ്ച്' (1989), 'കലത് നകലത്' (1990), 'ആറാം ഹറാം ആഹേ' തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. അദ്ദേഹം അഭിനയിച്ച 'ലക്ഷ്മി ചി പാവലെ' എന്ന ചിത്രം മറാത്തി സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്.'ഹാ സാഗര്‍ കിനാര', 'സുംബരന്‍ ഗാവോ ദേവാ', 'ഫൈതേ അന്ധരാച്ചേ ജാലേ' എന്നിവയുള്‍പ്പെടെ നിരവധി റൊമാന്റിക് ഗാനങ്ങളില്‍ മഹാജനി അഭിനയിച്ചിട്ടുണ്ട്. 2015ല്‍ 'കേ റാവു തുംഹി' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.