27 April, 2026 01:59:23 PM


നിതിൻ രാജിന്‍റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ



കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജ്ന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗൺസില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം ഉൾപ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

അതേസമയം നിതിൻ രാജിന്റെ മരണത്തിൽ കേസെടുത്തത് മുതൽ ആരോപണ വിധേയരായ അധ്യാപകർ ഡോക്ടർ റാമും, സംഗീത നമ്പ്യാരും ഒളിവിലാണ്. കഴിഞ്ഞദിവസം ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പരിഗണിച്ചപ്പോൾ സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഡോക്ടർ റാമിന്റെ അപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ റാം ഒരുങ്ങുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K