19 June, 2023 04:36:58 PM
സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. കണ്ണൂർ സ്വദേശി സഞ്ജയ് പി നല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ- 583.460/600). കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്. കോട്ടയം സ്വദേശി ഫ്രഡ്‌ഡി ജോർജ് റോബിൻ മൂന്നാം റാങ്ക്.
എസ്. സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ്. എസ്. ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക്. പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്ക്.
ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ കുട്ടികൾ യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്.
ഇത്തവണ റെക്കോർഡ് വേഗതയിലാണ് ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും, 25,346 പേർ ആൺകുട്ടികളുമാണ്.